സ്ട്രോംഗ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസര്‍ ഏജന്റിനെ അറിയിച്ചിരുന്നുവെന്നു പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിവരം വിളിച്ചറിയിച്ചത്. ഒമ്പതുമണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താന്‍ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നു.
സ്ട്രോംഗ് റൂം അല്ല തുറന്നതെന്ന ഉദ്യോഗസ്ഥരുടെ അവകാശവാദം ഫാത്തിമ തഹ്ലിയ തള്ളുകയും ചെയ്തു. തുറന്ന റൂമിന്റെ മുകളില്‍ ‘സ്ട്രോംഗ് റൂം’ എന്നു വ്യക്തമായി എഴുതിയിട്ടുണ്ടെന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്നെ ഉദ്യോഗസ്ഥര്‍ ഉള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ അവിടെ പ്രവേശിക്കാന്‍ അവകാശമുണ്ടായിട്ടും തടഞ്ഞത് ദുരൂഹമാണ്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ഉദ്യോഗസ്ഥര്‍ മുറി തുറന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ എം.കെ. രാഘവന് എംപി, ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രതിഷേധമുയര്‍ത്തി. സ്ട്രോംഗ് റൂമിനു സമീപത്തെ റൂം അടയ്ക്കണമെന്നും ഇതിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളാണു ജെഡിടിയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥികളെയോ അവരുടെ ചീഫ് ഏജന്റുമാരെയോ മുന്‍കൂട്ടി അറിയിക്കാതെ സ്ട്രോംഗ് റൂം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തുറന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം.
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം ആണ് തുറന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോഴും സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കോഴിക്കോട് സൗത്ത് മണ്ഡലവുമായി ബന്ധപ്പെട്ട മുറിയാണ് തുറന്നതെന്നും യുഡിഎഫ് ആരോപിക്കുന്നു.
പേരാമ്പ്ര മണ്ഡലത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസര്‍ക്കും മറ്റ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും എതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, എല്‍ഡിഎഫ് ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.